Friday, October 16, 2009

ഭ്രാന്തന്‍


ഖലീല്‍ ജിബ്രാന്‍


ഞാന്‍ എങ്ങനെ ഒരു ഭ്രാന്തനായി മാറിയെന്ന് നീ എന്നോട് ചോദിക്കുന്നു. അതിങ്ങനെയാണ് സംഭവിച്ചത്: മിക്ക ദൈവങ്ങളും പിറക്കുന്നതിനു വളരെ മുന്‍പ്, അഗാധമായ ഒരുറക്കത്തില്‍ നിന്നു ഞാനുണരുകയും എന്‍റെ എല്ലാ മുഖംമൂടികളും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തുകയും ചെയ്തു; ഞാന്‍ തന്നെ രൂപകല്പനചെയ്ത് ഏഴു ജന്മങ്ങളില്‍ ഞാന്‍ ധരിച്ചിരുന്ന ഏഴു മുഖംമൂടികളായിരുന്നു അവ. ‘കള്ളന്മാര്‍, കള്ളന്മാര്‍, ശപിക്കപ്പെട്ട കള്ളന്മാര്‍’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് ജനനിബിഢമായ തെരുവുകളിലൂടെ മുഖംമൂടിയില്ലാതെ ഞാന്‍ ഓടി


പുരുഷന്മാരും സ്ത്രീകളും എന്നെ നോക്കിച്ചിരിച്ചു, ചിലര്‍ എന്നെ ഭയന്ന് അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയി.



ഞാന്‍ ചന്തയില്‍ എത്തിയപ്പോള്‍, ഒരു വീടിനുമുകളില്‍ കയറിനില്‍ക്കുന്ന ഒരു യുവാവ് അലറി, ‘അയാള്‍ ഒരു ഭ്രാന്തനാണ്’. അവനെ കാണാന്‍ വേണ്ടി ഞാന്‍ മുകളിലേക്ക് നോക്കി, ആദ്യമായി എന്‍റെ നഗ്നമായ മുഖത്ത് സൂര്യന്‍ ചുംബിച്ചു. ആദ്യമായി സൂര്യന്‍ എന്‍റെ നഗ്നവദനത്തില്‍ ചുംബിച്ചതോടെ എന്‍റെ ആത്മാവ് സൂര്യനോടുള്ള പ്രണയത്താല്‍ ജ്വലിച്ചു, മുഖംമൂടികള്‍ പിന്നെയെനിക്കാവശ്യമില്ല. ഒരു മോഹനിദ്രയിലെന്ന വണ്ണം ഞാന്‍ ഉറക്കെ വിളിച്ചുപറഞ്ഞു, ‘അനുഗ്രഹീതര്‍, എന്‍റെ മുഖംമൂടികള്‍ മോഷ്ടിച്ച മോഷ്ടാക്കള്‍ അനുഗ്രഹീതര്‍.’


അങ്ങനെയാണ് ഞാന്‍ ഒരു ഭ്രാന്തനായി മാറിയത്.


ഏകാന്തതയുടെ സ്വാതന്ത്ര്യവും മനസ്സിലാക്കപ്പെടുന്നതിന്‍റെ സുരക്ഷിതത്വവും -നമ്മെ മനസ്സിലാക്കുന്നവര്‍ നമ്മളിലുള്ള എന്തെങ്കിലുമൊന്നിന് നമ്മെ അടിമയാക്കുന്നു- ഞാന്‍ കണ്ടെത്തി.


എന്നാല്‍ എന്‍റെ സുരക്ഷിതത്വത്തില്‍ ഞാന്‍ അധികം അഹങ്കരിക്കാതിരിക്കട്ടെ. തടവറയ്ക്കുള്ളിലെ ഒരു കള്ളന്‍ പോലും മറ്റൊരു കള്ളനില്‍ നിന്നു സുരക്ഷിതനാണ്.
മൊഴിമാറ്റം : ഹാറൂണ്‍ റഷീദ്

Wednesday, October 14, 2009

ദേവാലയത്തിലേക്കുള്ള പാത

000000000000000000000000
ഹാറൂണ്‍ റഷീദ്
0000000000000000000


പകല്‍ സമയത്ത് പാരമൌണ്ട് ബില്‍ഡിങ്ങിലെ ഇരുപത്തിയൊന്നാം നമ്പര്‍ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് നിരത്തിലേക്ക് നോക്കിയാല്‍ ‍സെന്‍റ് തോമസ് മൌണ്ടിലേക്കു പോകുന്നവരെയും വഴിവാണിഭക്കാരെയും കാണാം. അവരില്‍ പലരുടെയും മുഖം എനിക്കു സുപരിചിതമാണ്.


ഈ നിരത്ത് സെന്‍റ് തോമസ് മൌണ്ട് ദേവാലയത്തിന്‍റെ കവാടത്തില്‍ ചെന്നവസാനിക്കുന്നു. നൂറ്റിമുപ്പത്തിരണ്ടു പടികള്‍ കയറി കുന്നിനുമുകളിലെത്തിയാല്‍സെന്‍റ് തോമസ് ദേവാലയമാണ്. പല സായാഹ്നങ്ങളിലും ഞാന്‍ ദേവാലയത്തിനടുത്ത് പോകാറുണ്ട്. വിശാലമായ മുറ്റത്തു നിന്ന് പടിഞ്ഞാറിലേക്കു നോക്കിയാല്‍ വിമാനത്താവളം കാണാം. വിമാനങ്ങള്‍ പറന്നിറങ്ങുന്നതും കുതിച്ചുയരുന്നതും നോക്കി സമയം കൊല്ലുക പതിവായിരുന്നു. ദേവാലയത്തിന്‍റെ തെക്കുഭാഗത്ത് രണ്ട് സ്ത്രീകളെ അനുഗ്രഹിക്കുന്ന ക്രിസ്തുവിന്‍റെ സ്വര്‍ണവര്‍ണത്തിലുള്ള ശില്പമുണ്ട്. അതിനുമുമ്പില്‍ സ്ത്രീകളും കുട്ടികളും മുട്ടുകുത്തുന്നതു കാണാം. ഈ കാഴ്ചകളെല്ലാം എനിക്കു പരിചിതമാണെങ്കിലും ഒട്ടും വിരസതയനുഭവപ്പെടാറില്ല.

മൌണ്ടിനു മുകളില്‍ പോകാതെ ബാല്‍ക്കണിയിലിരിക്കുന്ന ദിവസങ്ങളില്‍ ദേവാലയത്തിലേക്കു പോകുന്ന നിരത്തുവക്കില്‍ തണ്ണിമത്തങ്ങ വില്‍ക്കുന്ന സ്ത്രീകളെയും ‘ഹസ്തരേഖാ ശാസ്ത്രം’ എന്ന ബോര്‍ഡിനു മുമ്പിലിരിക്കുന്ന മദ്ധ്യവയസ്കനെയും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. വഴിവാണിഭക്കാരായ സ്ത്രീകളില്‍ ചെല്ലമ്മാള്‍ എന്നൊരു സ്ത്രീയെ എനിക്കു പരിചയമുണ്ട്. എന്‍റെ കൂടെ താമസിക്കുന്ന സുഹ്ര് ത്തിന്‍റെ കമ്പനിയിലെ പ്യൂണാണ്അവളുടെ ഭര്‍ത്താവ്. പുറമെ മാന്യനാണെങ്കിലും കയ്യില്‍ കാശുണ്ടായാല്‍ മുഴുക്കുടിയനാണ്. കാശില്ലെങ്കില്‍ ഭാര്യയെ മര്‍ദ്ദിക്കുകയും അവളുടെ കയ്യില്‍ നിന്ന് കാശ് തട്ടിപ്പറിക്കുകയും ചെയ്യും. എന്‍റെ സുഹ്ര് ത്ത് അയാളെ ഉപദേശിക്കുമ്പോള്‍, മക്കളില്ലാത്തതു കൊണ്ടാണ് താന്‍ മദ്യപിക്കുന്നതെന്നും തന്‍റെ ഭാര്യയാണ് അതിനെല്ലാം കാരണമെന്നും അയാള്‍ ന്യായീകരിക്കും. പലപ്പോഴും എന്‍റെ സുഹ്ര് ത്തിനെ കണ്ടാണ് ചെല്ലമ്മാള്‍ തന്‍റെ സങ്കടം പറയാറുള്ളത്.


“ഈ മനുഷ്യന്‍ ഇങ്ങനെയായാല്‍ ഞാനെങ്ങനെ ജീവിക്കും സാറെ”


“ഞാനവനോട് സംസാരിക്കാം-ചെല്ലമ്മാള്‍ പൊയ്ക്കോളൂ”


ആദ്യമൊന്നും അയാള്‍ ഇതുവഴി വരാറില്ലായിരുന്നു. എന്നാല്‍ ഈയിടെ അയാള്‍ ഭാര്യയുടെ അടുത്ത് വരികയും സംസാരിക്കുകയും ചെയ്യുന്നത് പലപ്പോഴും ഞാന്‍ കാണാറുണ്ട്. സുഹ്ര് ത്തിനോടു പറഞ്ഞപ്പോള്‍ അവരുടെ ജീവിതത്തില്‍ ഇതൊരു ശുഭലക്ഷണമായിരിക്കാം എന്നായിരുന്നു പ്രതികരണം. സെന്‍റ് തോമസ് മൌണ്ടിലേക്കു പോകുന്നവര്‍ ഇതൊന്നും ശ്രദ്ധിക്കാറുണ്ടാവില്ല. അവരെ കാണുമ്പോള്‍ വാണിഭക്കാരായ സ്ത്രീകള്‍ തണ്ണിമത്തങ്ങയുടെ മേന്മയെക്കുറിച്ച് ഉച്ചത്തില്‍ പ്രസംഗിക്കും. അവരില്‍ ചിലര്‍ വാങ്ങുമ്പോള്‍ വെയിലേറ്റു വാടിയ സ്ത്രീകളുടെ മുഖത്ത് ഒരാശ്വാസഭാവം കാണാം.


ഇന്നലെയും ഞാന്‍ ദേവാലയത്തിനടുത്തുപോയി കുറെ സമയം ചെലവഴിച്ചു. തിരിച്ചുവന്ന് ബാല്‍ക്കണിയില്‍ നിന്ന് റോഡിലേക്ക് നോക്കിയിരുന്നു. ആളുകള്‍ വരുമ്പോള്‍ തണ്ണിമത്തങ്ങയെക്കുറിച്ച് ഉച്ചത്തില്‍ പ്രസംഗിക്കുന്ന സ്ത്രീകള്‍ അവര്‍ പോയിക്കഴിഞ്ഞാല്‍ വീട്ടുവിശേഷങ്ങള്‍ പറഞ്ഞിരിക്കും.

ചെല്ലമ്മാളും ഭര്‍ത്താവും ഇപ്പോഴത്തെ പതിവു കാഴ്ചയാണ്. അയാള്‍ ഇപ്പോള്‍ കമ്പനിയില്‍ വരാറില്ല എന്ന് സുഹ്ര് ത്ത് വന്നപ്പോള്‍ അറിഞ്ഞു. എന്തൊക്കെയോ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്ന അവര്‍ പെട്ടെന്ന് ഉച്ചത്തില്‍ വഴക്കിടുന്നതു കേട്ട് ഞാനും സുഹ്ര് ത്തും താഴെയിറങ്ങിച്ചെന്നു. ഗേറ്റിനടുത്തെത്തിയപ്പോള്‍ ചെല്ലമ്മാള്‍ ഭര്‍ത്താവിനു നേരെ ശകാരവര്‍ഷം നടത്തുകയാണ്. മൂന്നുനാലാളുകള്‍ ചുറ്റും കൂടി നില്‍ക്കുന്നു. അയാള്‍ തലതാഴ്ത്തി നില്‍ക്കുന്നു. ഞങ്ങള്‍ അടുത്തെത്തിയപ്പോള്‍ ‍അവള്‍ എന്‍റെ സുഹ്ര് ത്തിനു നേരെ തിരിഞ്ഞു.


“സാര്‍, ഇതുനോക്കൂ-ഇയാള്‍ക്കു കള്ളുകുടിക്കാന്‍ ഞാന്‍ കാശുകൊടുക്കണമത്രെ. വെയിലത്തിരുന്നാണ് ഞാന്‍ കാശുണ്ടാക്കുന്നത്. രാത്രി ഒരു നേരമെങ്കിലും ചോറു തിന്നണ്ടേ സാറെ.”


ചെല്ലമ്മാള്‍ എന്‍റെ സുഹ്ര് ത്തിനോടു പരാതി പറയുന്ന തക്കം നോക്കി അയാള്‍ പണപ്പെട്ടി തുറന്ന് കാശുമെടുത്തോടി. അയാള്‍ ഓടുന്നതുകണ്ടപ്പോള്‍ ചെല്ലമ്മാള്‍ പണപ്പെട്ടി തുറന്നു നോക്കി. അതില്‍ ഒന്നുരണ്ട് നാണയത്തുട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരും പ്രതീക്ഷിച്ചില്ല-അവള്‍ ഒരു കത്തിയെടുത്ത് അയാള്‍ പോയ ദിശയിലേക്ക് കുതിച്ചോടി. മൌണ്ടില്‍ നിന്നു വരുന്നവര്‍ കത്തിയുമായി ഓടിവരുന്ന സ്ത്രീയെ കണ്ടു പകച്ചു. അവര്‍ വഴിമാറിക്കൊടുത്തു.

സുഹ്ര് ത്ത് എന്നെ നോക്കി പറഞ്ഞു- “എന്തും സംഭവിക്കാം”

“എന്തു ചെയ്യും?”സുഹ്ര് ത്ത് മറുപടിയൊന്നും പറഞ്ഞില്ല. കുറേനേരം അവിടെത്തന്നെ നിന്ന ശേഷം ഞങ്ങള്‍ ഫ്ലാറ്റിലേക്കു തിരിച്ചു പോന്നു. ഞങ്ങള്‍ രണ്ടുപേരും ബാല്‍ക്കണിയിലിരുന്നു. നേരം സന്ധ്യയോടടുത്തു. ചെല്ലമ്മാളെ കണ്ടില്ല.അവളുടെ തണ്ണിമത്തങ്ങകള്‍ അനാഥമായിക്കിടക്കുന്നു. വഴിയോരത്തെ പ്രസംഗകരായ സ്ത്രീകള്‍ അപ്രത്യക്ഷരായിരിക്കുന്നു. അവര്‍ വീടുകളില്‍ എത്തിയിരിക്കണം. തെരുവുവിളക്കിന്‍റെ പ്രകാശത്തില്‍ മൌണ്ടില്‍ നിന്നു വരുന്നവരെ അപ്പോഴും കാണാം.


എന്‍റെ ചിന്തകളില്‍ ചെല്ലമ്മാളും ഭര്‍ത്താവും ഉടക്കിനിന്നു.


അയാള്‍ അവള്‍ക്കു കീഴടങ്ങിയിരിക്കുമോ?
അതോ അവള്‍ അയാളെ....................

Tuesday, October 13, 2009

ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഒരു വര്‍ഷത്തില്‍


ഖലീല്‍ ജിബ്രാന്‍

.....ആ നിമിഷത്തില്‍ അരളിമരങ്ങള്‍ക്കു പിറകില്‍ നിന്നും നിലം തൊടുന്ന കേശഭാരത്തോടുകൂടി ഒരു സുന്ദരിയായ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു. ഉറങ്ങുന്ന യുവാവിനരികില്‍ അവള്‍ നിന്നു. അവന്‍റെ ഇളംപുരികത്തിന്മേല്‍ അവളുടെ സ്നിഗ്ദ്ധമായ മ്ര് ദുലകരം കൊണ്ട് സ്പര്‍ശിച്ചു.

സൂര്യകിരണങ്ങളാല്‍ ഉണര്‍ത്തപ്പെട്ടതുപോലെ നിദ്രാലീനമായ നയനങ്ങളിലൂടെ അവന്‍ അവളെ നോക്കി.

*അമീറിന്‍റെ മകളാണ് തന്‍റെയരികില്‍ നില്‍ക്കുന്നതെന്ന് അവന്‍ തിരിച്ചറിഞ്ഞപ്പോള്‍, എരിയുന്ന മുള്‍പ്പടര്‍പ്പ് കണ്ടപ്പോള്‍ മോശ ചെയ്തതുപോലെ, അവന്‍ മുട്ടില്‍ വീണു.

അവന്‍ സംസാരിക്കാന്‍ ഉദ്യമം നടത്തി. വാക്കുകള്‍ അവനെ പരാജയപ്പെടുത്തി, പക്ഷെ ബാഷ്പകണങ്ങള്‍ നിറഞ്ഞ അവന്‍റെ നയനങ്ങള്‍ അവന്‍റെ നാവിനെ നിഷ്കാസനം ചെയ്തു.

ആ പെണ്‍കുട്ടി അവനെ ആലിംഗനം ചെയ്തു, അവന്‍റെ അധരങ്ങളില്‍ ചുംബിച്ചു; അനന്തരം, അവന്‍റെ സമ്ര് ദ്ധമായ അശ്രുകണങ്ങളും അധരങ്ങളും അവളുടെ ചുംബനങ്ങളാല്‍ ഉണക്കിക്കൊണ്ട്, അവള്‍ അവന്‍റെ നയനങ്ങളെ ചുംബിച്ചു.

ഓടക്കുഴലിന്‍റെ സ്വരത്തെക്കാള്‍ മ്ര് ദുലമായ ശബ്ദത്തില്‍, അവള്‍ പറഞ്ഞു, “എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ നിന്നെ കണ്ടു, പ്രിയപ്പെട്ടവനേ, എന്‍റെ ഏകാന്തതയില്‍ ഞാന്‍ നിന്‍റെ വദനത്തിലേക്ക് നോക്കി. നീ എന്‍റെ ആത്മാവിന്‍റെ നഷ്ടപ്പെട്ട പങ്കാളിയാകുന്നു, ഈ ലോകത്തേക്ക് വരാന്‍ എന്നോട് കല്പിക്കപ്പെട്ടപ്പോള്‍ ഞാന്‍ വേര്‍പെടുത്തപ്പെട്ട മറ്റൊരു നല്ല പകുതിയുമാകുന്നു.”

“നിന്നോട് ചേരാന്‍ ഞാന്‍ ഇവിടെ രഹസ്യമായി വന്നു, പ്രിയപ്പെട്ടവനേ; ഭയപ്പെടേണ്ട; ഇപ്പോള്‍ നീ എന്‍റെ കരങ്ങളിലാണ്. എന്‍റെ പിതാവിനെ വലയം ചെയ്ത പ്രതാപത്തെ ഞാന്‍ കൈവെടിഞ്ഞു, ഈ ലോകത്തിന്‍റെ അവസാനത്തിലേക്ക് നിന്നെ അനുഗമിക്കാന്‍ ഞാന്‍ വന്നു, ജീവിതത്തിന്‍റെയും മരണത്തിന്‍റെയും പാനപാത്രം നിന്നോടൊപ്പം പാനം ചെയ്യാന്‍.”

“വരൂ, പ്രേമഭാജനമേ, നാഗരികതയില്‍ നിന്ന് അകലെ, വിജനപ്രദേശത്തേക്ക് നമുക്കു പോകാം.”

അങ്ങനെ കമിതാക്കള്‍ വനത്തിലേക്ക് പോയി, രാവിന്‍റെ അന്ധകാരത്തിലേക്ക്, ഒരു അമീറിനെയോ അന്ധകാരത്തിന്‍റെ ഭൂതങ്ങളെയോ ഭയപ്പെടാതെ.

വിവര്‍ത്തനം: ഹാറൂണ്‍ റഷീദ്
------------------------------------------------------------------------------------------------
*അമീര്‍-ഭരണാധികാരി

Monday, October 12, 2009

സ്വാഗതം



ബ്ലോഗുകള്‍ക്കിടയിലേക്ക് പുതിയൊരാള്‍ കൂടി


കടന്നു വരികയാണ്.


ലോകത്തിന്‍റെ ആഴങ്ങളില്‍ നിന്ന്,


ഉന്മാദികളുടെ ലോകത്തില്‍ നിന്ന്,


മഞ്ഞുതുള്ളിയില്‍ പ്രതിബിംബിച്ചു കാണുന്ന


സൂര്യജ്വാലയ്ക്കപ്പുറത്ത് നിന്ന്,


മാനുഷികവികാരങ്ങളുടെ ചുട്ടുപൊള്ളുന്ന


ലാവാപ്രവാഹങ്ങളില്‍ നിന്ന്,


ആനന്ദങ്ങളില്‍ നിന്ന്,


യാതനകളില്‍ നിന്ന്,


വേദനകളില്‍ നിന്ന്,


പ്രണയങ്ങളില്‍ നിന്ന്,


വിരഹങ്ങളില്‍ നിന്ന്,


എല്ലാ ജീവിതാനുഭവങ്ങളില്‍ നിന്നും


കഥകള്‍ ഊര്‍ജ്ജം സംഭരിക്കുന്നു......



ഇന്നലെ, ഇന്ന്, നാളെ....


കഥകള്‍ എന്നും നിലനില്‍ക്കുന്നു,


പലപ്പോഴും കാലത്തെ അപ്രസക്തമാക്കിക്കൊണ്ട്...



ഇന്ത്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, അറേബ്യ..........


എല്ലായിടത്തും മനുഷ്യന്‍റെ പ്രശ്നങ്ങള്‍


ഒന്നു തന്നെ....


അവന്‍റെ കഥകളും തഥൈവ.



കഥകളുടെ ലോകത്തിലേക്ക്


ഏറെ സന്തോഷത്തോടെ


താങ്കളെ സ്വാഗതം ചെയ്യുന്നു



സ്നേഹപൂര്‍വ്വം,


ഹാറൂണ്‍ റഷീദ്